‘ചിലര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയില്‍’; പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോഡി

ന്യൂഡല്‍ഹി; പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ ഇരിക്കേ ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ചിലര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലാണെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോഡി പറഞ്ഞു. ബില്ലിനെതിരായ കള്ളപ്രചാരണങ്ങള്‍ ചെറുക്കണമെന്നും മോഡി ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി ബില്‍ രാജ്യതാത്പര്യം സംരക്ഷിക്കുന്നതാണ്. ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനമാണ്. ബില്ല് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെടുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

അതെസമയം ബില്ലിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത് എത്തി. വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി ബില്‍ എന്ന് രാഹുല്‍ തുറന്നടിച്ചു.

തന്റെ പൂര്‍ണ പിന്തുണ വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളെ ജനങ്ങള്‍ക്ക് ഉണ്ടാകുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജീവിതത്തെയും ജീവിത രീതികളെയും മാറ്റിമറിക്കാനാണ് ബില്‍ കൊണ്ടുവരുന്നതിലൂടെ ബിജെപി ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് നേരത്തെയും രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ അടിത്തറയെ നശിപ്പിക്കുന്നതാണ് ബില്ല് എന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നത്.

ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നതാണ്. അതിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും നമ്മുടെ നാടിന്റെ കെട്ടുറപ്പിനെയും അടിത്തറയെയുമാണ് ആക്രമിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നത്. -രാഹുല്‍ ട്വീറ്ററിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. ലോക്‌സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്കായിരുന്നു ബില്ല് പാസ്സായത്. കടുത്ത ഭരണ-പ്രതിപക്ഷ വാക്‌പോരിനൊടുവിലാണ് ബില്‍ പാസ്സായത്.

ബില്ലിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.

Exit mobile version