സവാള ലോക്കറിൽ സൂക്ഷിക്കണ്ടേ; മോഡിയെ പഴയ പ്രസ്താവനകൾ ഓർമ്മിപ്പിച്ച് ശിവസേന

മുംബൈ: രാജ്യത്ത് പ്രധാന ഭക്ഷ്യ ഉത്പന്നങ്ങളിലൊന്നായ സവാളയുടെ വില റോക്കറ്റ് പോലെ കുതിച്ച് ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പഴയ പ്രസ്താവനകൾ ഓർമ്മിപ്പിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രത്തിലാണ് കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നത്. നിലവിൽ സമ്പദ്വ്യവസ്ഥ മോശമാണെങ്കിലും സർക്കാർ അംഗീകരിക്കാൻ തയ്യാറല്ല. ഉള്ളിയുടെ വില കിലോഗ്രാമിന് 200 രൂപയിലെത്തി. ഇതിനു ധനമന്ത്രി ബാലിശമായ ഉത്തരം നൽകി. ഞാൻ ഉള്ളിയും വെളുത്തുള്ളിയും അധികം കഴിക്കാറില്ല. അതിനാൽ ഉള്ളിയെക്കുറിച്ച് എന്നോട് ചോദിക്കരുത്. ഈ പ്രശ്‌നം പരിഹരിക്കാൻ പ്രധാനമന്ത്രിക്ക് ആഗ്രഹമില്ലെന്നും അവർ പറഞ്ഞു.

മോഡി പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് ഉള്ളി വില ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ സവാള ഒരു പ്രധാന പച്ചക്കറിയാണെന്നും ലോക്കറിൽ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ നയം മാറി. അദ്ദേഹം ഇപ്പോൾ പ്രധാനമന്ത്രിയാണ്. സമ്പദ്വ്യവസ്ഥ തകർന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മാന്ദ്യത്തിന് ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരെ ഉത്തരവാദികളാക്കാനാവില്ല. വിദഗ്ധരെ ശ്രദ്ധിക്കാതെ സമ്പദ്വ്യവസ്ഥയെ ഓഹരി വിപണി പോലെ ഊഹക്കച്ചവടമായാണ്, ഇപ്പോഴത്തെ സർക്കാർ പരിഗണിക്കുന്നത്. ദാരിദ്ര്യത്തെ ചെറുക്കാൻ കേന്ദ്രം വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ശിവസേന മുഖപ്രസംഗത്തിൽ പറയുന്നു.

Exit mobile version