ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് കൊടുക്കേണ്ടി വന്ന വില; പൗരത്വ ഭേദഗതി ബില്ല് വിഷയത്തില്‍ പ്രതികരിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ ബിജെപി ചവിട്ടി മെതിക്കുകയാണെന്നും പി ചിദംബരം പറഞ്ഞു.

”സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ആഗ്രഹങ്ങള്‍ ചവിട്ടി മെതിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന്റെ വിലയാണ് ഇത്”- ചിദംബരം പറഞ്ഞു.

ഇന്നലെയാണ് പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കിയത്. നിയമം വിവേചനപരമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 14 ന്റെ ലംഘനമാണെന്നും പ്രതിപക്ഷം നിരന്തരം ആരോപിച്ചപ്പോഴും 311 പേരുടെ പിന്തുണയിലാണ് ബില്‍ പാസായത്.

അതെസമയം ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം പുകയുകയാണ്. അസമില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കയാണ്. നിരവധി അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version