റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് ഉള്ളിവില; ബംഗളൂരുവില്‍ ഒരു കിലോ ഉള്ളിക്ക് ഇരുന്നൂറ് രൂപ

നിലവിലുള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഈജിപ്തില്‍ നിന്ന് ഉള്ളി അടുത്തയാഴ്ച മുംബൈയില്‍ ഇറക്കുമതി ചെയ്യും

ബംഗളൂരു: രാജ്യത്ത് ഉള്ളിവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ബംഗളൂരുവില്‍ ഒരു കിലോ ഉള്ളിക്ക് ഇരുന്നൂറ് രൂപയാണ് വില. ഉള്ളി വില വര്‍ധിച്ചതോടെ ഭക്ഷണത്തിലെ സ്ഥിരം സാന്നിദ്ധ്യമായ ഉള്ളിയെ അടുക്കളയില്‍ നിന്ന് ഒഴിവാക്കിയ അവസ്ഥയാണ് ഇപ്പോള്‍. അതേസമയം സംസ്ഥാനത്ത് ഉള്ളി പൂഴ്ത്തി വെയ്ക്കുന്നവരെ കണ്ടെത്താന്‍ വ്യാപക റെയ്ഡും നടക്കുന്നുണ്ട്.

പ്രളയം കാരണം മഹാരാഷ്ട്ര, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കൃഷി നശിച്ചതാണ് ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കിയത്. വില പിടിച്ച് നിര്‍ത്താനായി ഉള്ളിയുടെ കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

നിലവിലുള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഈജിപ്തില്‍ നിന്ന് ഉള്ളി അടുത്തയാഴ്ച മുംബൈയില്‍ ഇറക്കുമതി ചെയ്യും. വിവിധ സംസ്ഥാനങ്ങള്‍ ഉള്ളി വാങ്ങുന്നതിനായി കേന്ദ്ര ഏജന്‍സിയായ നാഫെഡിന് കത്തയച്ചു. 460 ടണ്‍ ഉള്ളിയാണ് കേരളം ആവശ്യപ്പെട്ടത്. ഡിസംബര്‍ 10-നും 17-നും മധ്യേ മുംബൈ തുറമുഖത്ത് ഉള്ളി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version