ഉന്നാവോയില്‍ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനുള്ളില്‍ തൂക്കി കൊല്ലണം; ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ആഞ്ഞടിച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മളിവാള്‍.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ആഞ്ഞടിച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മളിവാള്‍. ഒരു മാസത്തിനുള്ളില്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, ഉന്നാവോയില്‍ മരണത്തിന് കീഴടങ്ങിയ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ബലാത്സംഗ കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് വ്യാഴാഴ്ച, പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്. 11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്‌തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന.

90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളം എന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധനകള്‍ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പോലീസിനും മൊഴി നല്‍കിയിരുന്നു.

Exit mobile version