ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത യുവാവിന് നഷ്ടമായത് 95,000 രൂപ

ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത യുവാവിന് വന്‍ തുക നഷ്ടമായി. ബംഗളൂരുവിലെ യുവ ടെക്കിയായ എന്‍വി ഷെയ്ക്കിനാണ് തന്റെ അക്കൗണ്ടില്‍ നിന്ന് 95,000 രൂപ നഷ്ടമായത്.

ബംഗളൂരു: ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത യുവാവിന് വന്‍ തുക നഷ്ടമായി. ബംഗളൂരുവിലെ യുവ ടെക്കിയായ എന്‍വി ഷെയ്ക്കിനാണ് തന്റെ അക്കൗണ്ടില്‍ നിന്ന് 95,000 രൂപ നഷ്ടമായത്. ക്യാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സയുടെ ചെലവുകള്‍ക്കായി സ്വരൂക്കൂട്ടി വച്ചിരുന്ന പണമാണ് ഷെയ്ക്കിന് നഷ്ടപ്പെടമായതെന്നാണ് റിപ്പോര്‍ട്ട്.

ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.30 ഓടെയാണ് കോറമംഗല നിവാസിയായ ഷെയ്ക്ക് സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഓര്‍ഡര്‍ കൈമാറിയിയിരുന്നില്ല. പിന്നാലെ ഷെയ്ക്ക് കസ്റ്റമര്‍ കെയര്‍ സര്‍വ്വീസിലേക്ക് വിളിച്ചു. റെസ്റ്റോറന്റ് ഓര്‍ഡര്‍ സ്വീകരിക്കുന്നില്ലെന്നും പണം തിരികെ നല്‍കാനും ആവശ്യപ്പെട്ടു. പിന്നാലെ പണം തിരികെ ലഭിക്കുമെന്നും കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ഉറപ്പ് നല്‍കി.

ഫോണില്‍ ഒരു മെസേജ് വരുമെന്നും അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റീഫണ്ട് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടക്കുമെന്നും എക്‌സിക്യൂട്ടീവ് ഷെയ്ക്കിനോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍, ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിമിഷങ്ങള്‍ക്കകം ഷെയ്ക്കിന്റെ അക്കൗണ്ടില്‍ നിന്ന് ആദ്യം 45,000 രൂപയും പിന്നീട് 50,000 രൂപയും നഷ്ടമായി. ഇതിന് പിന്നാലെയാണ് പരാതിയുമായി ഷെയ്ക്ക് മഡിവാല പോലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

അതേസമയം, തങ്ങള്‍ക്ക് കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഇല്ലെന്നാണ് സോമാറ്റോ വക്താവ് പറയുന്നത്. ‘കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഇല്ലെന്ന് വ്യത്യസ്ത ഉറവിടങ്ങളിലൂടെ ഉപഭോക്താക്കളെ ഞങ്ങള്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍, ഉപഭോക്താക്കളോട് ജാഗ്രത പാലിക്കണമെന്നും അവരുടെ വ്യക്തിഗത അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആരുമായും പങ്കിടരുതെന്നുമാണ് സോമാറ്റോ വക്താവിന്റെ അഭ്യര്‍ത്ഥന.

Exit mobile version