ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പുനരന്വേഷണത്തിന് വഴിയൊരുങ്ങുന്നു; ആവശ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും, തീരുമാനം ഉടന്‍

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പുതിയ ആവശ്യം.

മുംബൈ: സിബിഐ പ്രത്യേക ജഡ്ജ് ബിഎച്ച് ലോയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും എന്‍സിപിയും രംഗത്ത്. എന്‍സിപിയുടെ ശരദ് പവാറും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങുമാണ് ലോയ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ലോയയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്നാണ് ഉയര്‍ത്തിയിരിക്കുന്ന ആവശ്യം.

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പുതിയ ആവശ്യം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ലോയ 2014 ഡിസംബര്‍ ഒന്നിനാണ് മരണപ്പെട്ടത്.

തുടര്‍ന്ന് പ്രത്യേക ജഡ്ജി എംബി ഗോസാവി വാദം കേള്‍ക്കുകയും അമിത് ഷായെയും മറ്റുചില പ്രതികളെയും കുറ്റവിമുക്തരാക്കുകയും ചെയ്തു. ഇതിനു പിന്നാലെ നാഗ്പുരില്‍ വെച്ച് മരിച്ച ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമാണെങ്കില്‍ അത് അന്വേഷിക്കുക തന്നെ വേണം. അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണം. ആരുടേയും പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

Exit mobile version