കെജരിവാള്‍ രാജ്യദ്രോഹി; രാജ്യസ്‌നേഹികളെ അയാള്‍ വഞ്ചിച്ചു; കെജരിവാളിനെ ആക്രമിച്ചതിന് പിടിയിലായ അനില്‍ കുമാര്‍ ശര്‍മ്മ

താന്‍ ഒരു രാജ്യസ്‌നേഹിയാണ്. കെജരിവാളിന് മറുപടി പറയാനാണ് താന്‍ ഇവിടെ വന്നത്

ന്യൂഡല്‍ഹി: കെജരിവാള്‍ രാജ്യദ്രോഹിയാണെന്ന് കെജരിവാളിനെ ആക്രമിച്ചതിന് പിടിയിലായ അനില്‍ കുമാര്‍ ശര്‍മ്മ. താന്‍ ഒരു രാജ്യസ്‌നേഹിയാണ്. കെജരിവാളിന് മറുപടി പറയാനാണ് താന്‍ ഇവിടെ വന്നത്. രാജ്യസ്‌നേഹികളെ കെജരിവാള്‍ വഞ്ചിച്ചു. എന്നാല്‍ എല്ലാ രാജ്യസ്‌നേഹികളെയും പരാജയപ്പെടുത്താന്‍ കെജരിവാളിന് കഴിയില്ലെന്നും പോലീസ് അറസറ്റ് ചെയ്ത അനില്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു.

ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിന്നും മടങ്ങിപോകുമ്പോള്‍ ഇന്നലെയാണ് കെജരിവാളിനെതിരെ ആക്രമണം ഉണ്ടായത്. കാല്‍ തൊട്ട് വന്ദിക്കാനെന്ന വ്യാജേന കെജരിവാളിന്റെ അടുത്തെത്തി മുഖത്തിന് നേരെ മുളക് പൊടി എറിയുകയായിരുന്നു ‘താങ്കളാണെന്റെ ഏക പ്രതീക്ഷ’ എന്ന് പറഞ്ഞാണ് ഇയാള്‍ കെജ്രിവാളിന്റെ കാല്‍ തൊട്ടു വന്ദിക്കാനൊരുങ്ങിയത്. കുനിഞ്ഞ് നിവര്‍ന്ന് തത്ക്ഷണം മുഖത്തേയ്ക്ക് മുളക് പൊടി എറിയുകയായിരുന്നു.

പെട്ടെന്നുണ്ടായ ആക്രമണത്തില്‍ കെജരിവാളിന്റെ കണ്ണട നിലത്ത് വീണുടഞ്ഞു. സുരക്ഷയിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ സംഭവത്തിന് കാരണമെന്ന് ആപ്പ് വക്താവ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അക്രമി കൂടുതല്‍ അപകടകരമായ ആയുധമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതാദ്യമായല്ല കെജരിവാള്‍ ആക്രമണം നേരിടുന്നത്. ചെരിപ്പും ഷൂവും മഷിയും എറിഞ്ഞ് നേരത്തേയും കെജരവാളിനെ ആക്രമിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്.

Exit mobile version