വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; അതിവേഗ വിചാരണയ്ക്ക് ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍

യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍.

ഹൈദരാബാദ്: യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍. പ്രത്യേക അതിവേഗ കോടതി ഇതിനായി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഉറപ്പ് നല്‍കി. യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി.

വധശിക്ഷ വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെടി രാമറാവു ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വാറങ്കലില്‍ കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ കേസില്‍ 56 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. സമാന നടപടി ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടു.

അതേസമയം, കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് മൂന്ന് പോലീസുകാരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. അതേസമയം പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി. നാല് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Exit mobile version