‘ചിതലിനെ ഇല്ലാതാക്കാന്‍ കീടനാശിനി, അതുപോലെ രാജ്യത്ത് ഉറച്ച അഴിമതി നീക്കാന്‍ കയ്‌പേറിയ മരുന്ന പ്രയോഗിച്ചു, അതാണ് നോട്ടു നിരോധനം’ നരേന്ദ്ര മോഡി

നോട്ടുനിരോധനം കാരണം മുമ്പ് പണം ഒളിപ്പിച്ചു വെച്ച ആളുകള്‍ ഇപ്പോള്‍ കൃത്യമായി നികുതി അടക്കുന്നതായും മോഡി അവകാശപ്പെട്ടു.

ഭോപാല്‍: രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതി വ്യവസ്ഥയെ താറടിക്കാന്‍ പ്രയോഗിച്ച കയ്പു നിറഞ്ഞ മരുന്നായിരുന്നു നോട്ടു നിരോധനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മധ്യപ്രദേശിലെ ജബുവയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചിതലിനെ ഇല്ലാതാക്കാന്‍ നമ്മള്‍ കീടനാശിനികള്‍ ഉപയോഗിക്കും.

സമാനമായി രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ ഞാന്‍ നോട്ടുനിരോധനത്തെ ഒരു കയ്പുള്ള മരുന്നായി ഉപേയാഗിക്കുകയായിരുന്നു’ മോഡി പറയുന്നു. നോട്ടുനിരോധനം കാരണം മുമ്പ് പണം ഒളിപ്പിച്ചു വെച്ച ആളുകള്‍ ഇപ്പോള്‍ കൃത്യമായി നികുതി അടക്കുന്നതായും മോഡി അവകാശപ്പെട്ടു. നികുതിയില്‍ നിന്നും ലഭിക്കുന്ന പണം ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ക്കുവേണ്ടി കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോള്‍ അഴിമതി ഇന്ത്യയെ നശിപ്പിച്ചു. അതിനെ മറികടക്കാന്‍ വേണ്ടി ഞങ്ങള്‍ അഹോരാത്രം പരിശ്രമിക്കുകയാണ്. അതിന്റെ ഫലങ്ങള്‍ കാണുന്നുമുണ്ട്. ടെക്നോളജിയിലൂടെ ഞങ്ങള്‍ വ്യവസ്ഥിതിയെ സുതാര്യമാക്കുകയാണ്’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നോട്ടുനിരോധനം രാഷ്ട്രീയപരമല്ല മറിച്ച് ധാര്‍മ്മികമായ ഒരു നീക്കമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്ലി മധ്യപ്രദേശിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പറഞ്ഞിരുന്നു.

Exit mobile version