കൃഷിയിടത്ത് കുരങ്ങ് ശല്യം രൂക്ഷം; വളര്‍ത്തുനായക്ക് കടുവയുടെ നിറം അടിച്ച് കര്‍ഷകന്‍, കയ്യടി

തീര്‍ത്തഹള്ളി താലൂക്കിലെ നളൂരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രീകാന്ത് ഗൗഡയാണ് ഇത് വരെ ആരും പ്രയോഗിക്കാത്ത വിദ്യ പരീക്ഷിച്ചിരിക്കുന്നത്

ശിവമോഗ: കൃഷിയിടത്ത് നിന്ന് കുരങ്ങിനെ ഓടിക്കാന്‍ കര്‍ഷകര്‍ പല മാര്‍ഗങ്ങളും ചിന്തിക്കാറുണ്ട്. അത്തരത്തില്‍ വ്യത്യസ്ഥമായി ചിന്തിച്ച ഒരു കര്‍ഷകന്റെ വിദ്യ ആണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. തീര്‍ത്തഹള്ളി താലൂക്കിലെ നളൂരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രീകാന്ത് ഗൗഡയാണ് ഇത് വരെ ആരും പ്രയോഗിക്കാത്ത വിദ്യ പരീക്ഷിച്ചിരിക്കുന്നത്.

കൃഷിയിടത്ത് നിന്ന് കുരങ്ങിനെ ഓടിക്കാന്‍ തന്റെ വളര്‍ത്ത് നായയെ കടുവയുടെ പെയിന്റടിച്ച് നിര്‍ത്തിയിരിക്കുകയാണ് ശ്രീകാന്ത്. സാധാരണ കര്‍ണാടകയിലെ ഗ്രാമങ്ങളില്‍ കൃഷിയിടങ്ങളില്‍ എത്തുന്ന കുരങ്ങന്‍മാരെ ഓടിക്കാന്‍ കടുവയുടെ പാവ ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ ശ്രീശാന്ത് ഒരു കടുവ പാവയെ തന്റെ പുരയിടത്തും വെച്ചിരുന്നു.

എന്നാല്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തന്റെ വളര്‍ത്തുനായയെ കടവയുടെ നിറം കൊടുക്കാന്‍ കാരണമെന്ന് ശ്രീശാന്ത് പറയുന്നു. ഹെയര്‍ ഡൈ ആണ് നിറത്തിനായി ഉപയോഗിച്ചതെന്നും ഒരു മാസത്തോളം ഈ നിറം നില്‍ക്കുമെന്നും ശ്രീകാന്ത് ദേശീയ മാധ്യമത്തോട് പറഞ്ഞു. എന്തായാലും നായയ്ക്ക് കടുവയുടെ നിറം പൂശിയതോടെ ധാന്യങ്ങള്‍ നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് ശ്രീകാന്ത് ഗൗഡ പറയുന്നത്.

Exit mobile version