ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം; പാലം തകര്‍ന്നു വീണു, ആക്രമണം പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍

മൂന്നുമണിക്കാണ് പോളിംഗ് അവസാനിക്കുക.

ഗുംല: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിനിടെ മാവോയിസ്റ്റ് ആക്രമണം. വോട്ടിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകള്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

അതേസമയം ആളുകള്‍ക്ക് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അക്രമ സംഭവം പോളിംഗിനെ ബാധിച്ചിട്ടില്ലെന്നും പോളിംഗ് തുടരുമെന്നും ഡെപ്യൂട്ടി കമ്മീഷണറും പ്രതികരിച്ചു. ഇന്ന് രാവിലെ ഏഴുമണിക്കാണ് ജാര്‍ഖണ്ഡില്‍ പോളിംഗ് ആരംഭിച്ചത്. ആറു ജില്ലകളിലെ 13 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ചത്ര, ഗുംല, ബിഷന്‍പുര്‍, ലോഹാര്‍ദാഗ, മാനിക, ലത്തേഹാര്‍, പന്‍കി, ദല്‍ത്തോഗഞ്ച്, ബിശ്രംപുര്‍, ഛത്തര്‍പൂര്‍, ഹുസ്സൈനാബാദ്, ഗാര്‍ഗ്വ, ഭവനാഥ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നക്‌സല്‍ ബാധിത മേഖലകളായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളാണ് ഇതില്‍ പലതും. മൂന്നുമണിക്കാണ് പോളിംഗ് അവസാനിക്കുക. അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് വോട്ടെടുപ്പ് അവസാനിക്കും. 23ന് ഫലം പ്രഖ്യാപിക്കും.

Exit mobile version