പ്രഗ്യയെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചു നില്‍ക്കുന്നു; അതിന്റെ പേരില്‍ എന്തു നടപടി നേരിടാനും തയ്യാര്‍; രാഹുല്‍

ന്യൂഡല്‍ഹി: പ്രഗ്യാ സിങ് ഠാക്കൂറിനെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിന്റെ പേരില്‍ എന്തു നടപടി നേരിടാനും തയാറാണെന്ന് രാഹുല്‍ പറഞ്ഞു. പ്രഗ്യയെ ഭീകരവാദിയെന്നു വിളിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് ബിജെപി അംഗം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് രാഹുലിന്റെ പരാമര്‍ശം.

”പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, എന്താണ് പറഞ്ഞത് അതില്‍ നിന്നു മാറ്റമില്ല.” പ്രഗ്യാ സിങ് ഠാക്കൂര്‍ നാഥുറാം ഗോഡ്‌സെയെപ്പോലെ അക്രമത്തിലാണ് വിശ്വസിക്കുന്നതെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

ഗോഡ്‌സെ രാജ്യ സ്‌നേഹിയാണെന്ന പരാമര്‍ശത്തില്‍ നേരത്ത പ്രഗ്യ സിങ് ഠാക്കൂര്‍ മാപ്പുപറഞ്ഞിരുന്നു.
ഗോഡ്‌സെയെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നു എന്നായിരുന്നു പ്രഗ്യാ ലോക്‌സഭയില്‍ പറഞ്ഞത്.

രാവിലെ ഖേദപ്രകടനം നടത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നപ്പോള്‍ സ്പീക്കര്‍ കക്ഷി നേതാക്കളുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രജ്ഞ മാപ്പു പറഞ്ഞത്.

Exit mobile version