മഹാത്മഗാന്ധിയെ താന്‍ അപമാനിച്ചിട്ടില്ല; തന്റെ പ്രസ്താവന വളച്ചൊടിച്ചു! തന്റെ പ്രസ്താവന ആരെയെങ്കിലും വേദനപ്പിച്ചുവെങ്കില്‍ മാപ്പ് പറയുന്നു; പ്രഗ്യ സിംഗ്

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ ഭോപ്പാലിലെ ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂര്‍ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞു.

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ ഭോപ്പാലിലെ ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂര്‍ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞു. പ്രഗ്യ മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് സഭയില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രഗ്യയുടെ മാപ്പ് പറച്ചില്‍.

തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ പ്രഗ്യ സിംഗ് പറയുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനപ്പിച്ചുവെങ്കില്‍ ഖേദ മറിയിക്കുന്നുവെന്നും പ്രഗ്യസിംഗ് വ്യക്തമാക്കി.

ഇന്നലെ എസ്പിജി ബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് പ്രഗ്യാ സിംഗ് നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നുവെന്ന വിവാദ പ്രസ്താവന നടത്തിയത്. ഇതോടെ പ്രഗ്യ സിംഗിനെ പാര്‍ട്ടി കൈവിടുകയും പാര്‍ലമെന്റില്‍ പ്രതിഷേധം കനക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രഗ്യസിംഗ് ഠാക്കൂറിന്റെ ഖേദ പ്രകടനം.

താന്‍ മഹാത്മഗാന്ധിയെ അപമാനിച്ചിട്ടില്ല. തന്റെ പ്രസ്താവന വളച്ചൊടിച്ചു. ഒരു കേസ് പോലും തനിക്കെതിരെ തെളിയിക്കാന്‍ കഴിയാതിരുന്നിട്ടും തീവ്രവാദിയെന്ന് രാഹുല്‍ ഗാന്ധി മുദ്രകുത്തി. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത പരാമര്‍ശം തനിക്കെതിരെ ആയുധമാക്കുകയായിരുന്നുവെന്നും പ്രഗ്യാസിംഗ് പറഞ്ഞു.

എന്നാല്‍ പ്രഗ്യയുടെ മാപ്പ് പറച്ചിലില്‍ പ്രതിപക്ഷം തൃപ്തരായില്ല. പ്രഗ്യയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് അവരുടെ ആവശ്യം. പ്രഗ്യയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. പ്രസ്താവനയില്‍ പ്രഗ്യയെ തള്ളിയ ബിജെപി അവര്‍ക്കതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്.

Exit mobile version