ഉള്ളി തൊട്ടാല്‍ കൈ പൊള്ളും: രാജ്യത്ത് ഉള്ളിവില 100 കടന്നു, ഇനിയും വര്‍ധിക്കാന്‍ സാധ്യത

പുണെ: വീണ്ടും ഉള്ളിവിലയില്‍ കുതിപ്പ്. രാജ്യത്ത്ഉള്ളി മൊത്ത വ്യാപാര വില 100 കടന്നു. മഹാരാഷ്ട്രയില്‍ മിക്കയിടത്തും മൊത്ത വ്യാപാര വില 90 കിലോഗ്രാമാണ്. സോലാപൂര്‍, സാങ്മര്‍ എന്നിവിടങ്ങളിലെ മൊത്ത വ്യാപാര വില 110 ആണ്. വാഷി മാര്‍ക്കറ്റില്‍ 100 രൂപയാണ് കിലോയ്ക്ക് വില.

ദക്ഷിണേന്ത്യയിലെ നഗരങ്ങളില്‍ റീട്ടെയ്ല്‍ വിപണിയില്‍ 100 രൂപയിലേറെയാണ് കിലോയ്ക്ക് വില. വടക്കേ ഇന്ത്യയില്‍ ഇത് നൂറിനടുത്താണ്.

രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലേക്ക് ഉള്ളി എത്തിയതിനാല്‍ ഇവിടെ വില കുറവാണ്. അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് ദിവസവും രണ്ട് ട്രക്ക് ഉള്ളി അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ട്.

പ്രതിസന്ധി മറികടക്കാന്‍ ഉള്ളിയുടെ കയറ്റുമതി നിരോധിക്കാനും കൈവശം വയ്ക്കാവുന്ന സ്റ്റോക്കിന്റെ അളവ് കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, വിലക്കയറ്റം ഉപഭോഗത്തിലും വലിയ കുറവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ പത്ത് പേര്‍ കഴിച്ചിരുന്ന ഉള്ളി ഇപ്പോള്‍ 25 പേരാണ് ഉപയോഗിക്കുന്നത്.

Exit mobile version