എംഎല്‍എമാരെ തിരിച്ചുപിടിച്ച് ശരത് പവാര്‍; ഡല്‍ഹിക്ക് പോയ എംഎല്‍എമാര്‍ മുംബൈയിലെത്തി; വിമത പക്ഷത്ത് അജിത് പവാറും മൂന്ന് എംഎല്‍എമാരും മാത്രം; മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെയും അജിത് പവാറിന്റെയും നീക്കത്തിന് വീണ്ടും തിരിച്ചടി. ബിജെപിക്ക് ഒപ്പമുണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെട്ട ഏഴ് എംഎല്‍എമാര്‍ മുംബൈയില്‍ നടക്കുന്ന എന്‍സിപി യോഗത്തിനെത്തി.

ഡല്‍ഹിയിലേക്ക് പോയ വിമത എംഎല്‍എമാരായ ബാബാ സാഹേബ് പാട്ടീലും സഞ്ജയ് ബന്‍സോഡെയുമാണ് മുംബൈയില്‍ എന്‍സിപി യോഗത്തിനെത്തിയത്. ബലപ്രയോഗത്തിലൂടെയാണ് ഇവരെ മുംബൈയിലെത്തിച്ചതെന്നാണ് സൂചന. ശിവസേനാ നേതാവ് ഏക്‌നാഥ് ശിണ്ടേയാണ് ഇരുവരെയും കൊണ്ട് വൈബി ചവാന്‍ സെന്ററില്‍ എത്തിയത്.

ഇതോടെ മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്ന എന്‍സിപി എംഎല്‍എമാരുടെ എണ്ണം 50 ആയി. ഇതോടെ വിമത പക്ഷത്ത് അജിത് പവാറും മൂന്ന് എംഎല്‍എമാരും മാത്രമാണുള്ളത്.

എംഎല്‍എമാര്‍ തിരികേ എന്‍സിപി ക്യാംപിലേത്തിയത് അജിത് പവാറിന് കനത്ത തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 54 എംഎല്‍എമാരില്‍ 35 എംഎല്‍എമാര്‍ തങ്ങളുടെ പക്ഷത്തുണ്ടെന്നായിരുന്നു അജിത് പവാറിന്റെ വാദം.

Exit mobile version