വിവാഹ ദിനത്തില്‍ വരന് വെടിയേറ്റു; ചോരപുരണ്ട വസ്ത്രങ്ങളണിഞ്ഞ് വിവാഹവേദിയില്‍ എത്തി വധുവിന് താലിച്ചാര്‍ത്തി യുവാവ്! തലസ്ഥാനത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

വരനും സംഘവും വിവാഹവേദിക്ക് 400 മീറ്റര്‍ അകലെ എത്തിയപ്പോഴായിരുന്നു അജ്ഞാതരുടെ ആക്രമണം.

ന്യൂഡല്‍ഹി: വിവാഹഘോഷത്തിനിടെ വരനു നേരെ അജ്ഞാതരുടെ ആക്രമണം. ആക്രമണത്തില്‍ വെടിയേറ്റു വീണ വരന്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വിവാഹവേദിയില്‍ എത്തി വധുവിന് താലിചാര്‍ത്തി. ചോരപുരണ്ട വസ്ത്രങ്ങള്‍ അണിഞ്ഞാണ് യുവാവ് വിവാഹ പന്തലില്‍ എത്തിയത്. കഴിഞ്ഞദിവസം രാത്രി തെക്കന്‍ ഡല്‍ഹിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഖാന്‍പൂര്‍ സ്വദേശിയായ ബദാലി(25)ന് നേരേയാണ് വിവാഹഘോഷയാത്രയ്ക്കിടെ ആക്രമണമുണ്ടായത്.

വരനും സംഘവും വിവാഹവേദിക്ക് 400 മീറ്റര്‍ അകലെ എത്തിയപ്പോഴായിരുന്നു അജ്ഞാതരുടെ ആക്രമണം. ഡിജെ ഉള്‍പ്പെടെ വാദ്യമേളങ്ങളുമായി നീങ്ങിയ വിവാഹഘോഷയാത്രയില്‍ വരന്‍ തുറന്ന വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ബദാലിന്റെ തോളെല്ലിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. വെടിയേറ്റു വീണ വരനെ ഉടന്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബദാലിന് ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാന്‍ യുവാവ് സമ്മതിച്ചില്ല. തോളെല്ലില്‍ വെടിയുണ്ട കുടുങ്ങികിടക്കുന്നുണ്ടെന്നും ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മൂന്നുമണിക്കൂര്‍ നീണ്ട പ്രാഥമിക ചികിത്സകള്‍ക്കുശേഷം ബദാല്‍ ആശുപത്രി വിട്ടു. ചോരപുരണ്ട വസ്ത്രങ്ങളണിഞ്ഞ് വിവാഹവേദിയില്‍ തിരിച്ചെത്തി തന്റെ നവവധുവിനെ താലിച്ചാര്‍ത്തുകയും ചെയ്തു. ശേഷമാണ് ആശുപത്രിയില്‍ എത്തി വേണ്ട ചികിത്സകള്‍ തേടിയത്. അതേസമയം, അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളുടെ ബൈക്ക് സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ബദാലിനെതിരെ കൊലപാതകക്കേസ് നിലവിലുണ്ടെന്നും,ഈ സംഭവത്തിലെ വൈരാഗ്യമാകാം അക്രമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version