ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചുമതലയേറ്റു

സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ (എസ്എ ബോബ്ഡെ )സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ (എസ്എ ബോബ്ഡെ )സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ ചീഫ് ജസ്റ്റിസായി ബോബ്‌ഡെ അധികാരമേറ്റത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

അയോധ്യ, ശബരിമല തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഇനിയുള്ള നിയമപോരാട്ടങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിനു കീഴിലായിരിക്കും. അയോധ്യയിലെ പുനഃപരിശോധനാ ഹര്‍ജികളും ശബരിമലയിലെ വിശാലബെഞ്ചുമെല്ലാം ഇനി ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തില്‍ പരിഗണിച്ചേക്കും. 17 മാസം അദ്ദേഹം ഈ പദവിയിലുണ്ടാകും.

1956 ഏപ്രില്‍ 24-ന് മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ബോബ്‌ഡെ ജനിച്ചത്. മുതിര്‍ന്ന അഭിഭാഷകനായിരുന്ന അരവിന്ദ് ശ്രീനിവാസ് ബോബ്‌ഡെയാണ് പിതാവ്. നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കി 1978-ലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്.

1998-ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ച ബോബ്‌ഡെ 2000 മാര്‍ച്ച് 29-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി. 2012-ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013 ഏപ്രില്‍ 12-നാണ് സുപ്രീംകോടതിയിലെത്തിയത്.

Exit mobile version