അഖ്‌നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം സ്‌ഫോടനം; ജവാന് വീരമൃത്യു, രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്

സൈന്യത്തിന്റെ സ്ഥിരം പട്രോളിംഗ് നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്

ശ്രീനഗര്‍: അഖ്‌നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ആഗ്രാ സ്വദേശിയായ ഹവീല്‍ദാര്‍ സന്തോഷ് കുമാറാണ് വീരമൃത്യു വരിച്ച സൈനികന്‍. പരിക്കേറ്റ സൈനികരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. അഖ്‌നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം ഉഗ്രസ്‌ഫോടക ശേഷിയുള്ള വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. പല്ലന്‍വാല പ്രദേശത്ത് സൈന്യത്തിന്റെ സ്ഥിരം പട്രോളിംഗ് നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്.

ഭീകരര്‍ സൈനികരുടെ സ്ഥിരം സഞ്ചാര പാത മനസിലാക്കിയതിന് ശേഷം അവര്‍ പട്രോളിംഗിന് എത്തുന്ന സമയം കണക്കാക്കി തന്നെയാണ് ഈ സ്‌ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ് സൈന്യം പറയുന്നത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Exit mobile version