പ്രതിപക്ഷത്തിന് തിരിച്ചടി; റാഫേല്‍ ഇടപാടിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീം കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എന്നിവര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളാണ് തള്ളിയത്.

റഫാല്‍ കേസില്‍ അന്വേഷണം നടത്താന്‍ വിസമ്മതിച്ചു കൊണ്ട്, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 -ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനിലാണ് ഇന്ന് അന്തിമവിധി വന്നത്.രഞ്ജന്‍ ഗൊഗോയ്, എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

റിവ്യു ഹര്‍ജികളില്‍ പുന:പരിശോധനക്ക് ആവശ്യമായ ഒന്നുമില്ലെന്നും അതിനാല്‍ തന്നെ ആവശ്യം തള്ളുകയാണെന്നുമാണ് റാഫേല്‍ റിവ്യു ഹര്‍ജിയിലെ വിധിയില്‍ പറയുന്നത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്ന് 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയാണ് തള്ളിയത്.

Exit mobile version