ഇഡ്ഡലി, പൊങ്കല്‍, ചപ്പാത്തി; സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രഭാതഭക്ഷണവും; പുതിയ പദ്ധതിക്ക് തുടക്കമിട്ട് തമിഴ്‌നാട് സര്‍ക്കാര്‍

സംസ്ഥാനത്തെ 43,000-ത്തോളം സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചെന്നൈ: സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രഭാത ഭക്ഷണവും നല്‍കുന്ന പുതിയ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. അരനൂറ്റാണ്ട് മുന്‍പ് ആരംഭിച്ച ഉച്ചഭക്ഷണത്തിന്റെ മാതൃകയില്‍ തന്നെയാണ് കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും നല്‍കുക. സംസ്ഥാനത്തെ 43,000-ത്തോളം സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇഡ്ഡലി, പൊങ്കല്‍, ചപ്പാത്തി തുടങ്ങിയ വിഭവങ്ങളാകും തുടക്കത്തില്‍ പ്രഭാതഭക്ഷണമായി നല്‍കുക. പിന്നീട് കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണെന്ന് സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു. കാമരാജ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1962-ലാണ് തമിഴ്നാട്ടിലെ പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്.

ശേഷം എംജിആറിന്റെ ഭരണകാലത്ത് പോഷഹാകാരപദ്ധതിയാക്കി. പിന്നീട് അധികാരത്തിലെത്തിയ കരുണാനിധി സര്‍ക്കാര്‍ ഉച്ചഭക്ഷണത്തില്‍ മുട്ടയും ഉള്‍പ്പെടുത്തി. പദ്ധതി കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രഭാത ഭക്ഷണവും ഒരുക്കുന്നത്. നടത്തിപ്പിന് പ്രതിവര്‍ഷം 500 കോടി രൂപ ചെലവഴിക്കേണ്ടിവരും. പണച്ചെലവ് അധികമാണെങ്കിലും പദ്ധതി നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം.

Exit mobile version