ശിവസേനയ്ക്ക് സമയം കൂട്ടി നല്‍കിയില്ല: അംഗബലമില്ലെന്ന് എന്‍സിപിയും: മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് കക്ഷികള്‍ക്കൊന്നും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏറ്റെടുത്തേക്കും. സമയപരിധി അവസാനിക്കാനിരിക്കെ ശിവസേന നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. കോണ്‍ഗ്രസ് പിന്തുണ അറിയിക്കാത്ത സാഹചര്യത്തില്‍ രണ്ട് ദിവസംകൂടി ശിവസേന സമയം ചോദിച്ചെങ്കിലും ഗവര്‍ണര്‍ അനുവദിച്ചില്ല.

സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാന്‍ ശിവസേനക്ക് തിങ്കളാഴ്ച രാത്രി 7.30 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു.

സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമോ എന്ന് ചൊവ്വാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് രാജ്ഭവനില്‍ നിന്ന് എന്‍സിപിക്ക് കത്ത് ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കില്ലെന്ന് എന്‍സിപി ചൊവ്വാഴ്ച ഗവര്‍ണറെ അറിയിക്കുമെന്നാണ് അവസാനം പുറത്തുവരുന്ന വാര്‍ത്തകള്‍.

എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ സാങ്കേതികത്വത്തിന്റെ പേരില്‍ നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും. അതല്ലെങ്കില്‍ എന്‍സിപിയുടെ മറുപടിക്ക് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ചൊവ്വാഴ്ച കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും.അങ്ങനെയെങ്കില്‍ ചൊവ്വാഴ്ച വൈകിട്ടോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരും.

തിരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യത്തിന് അനുകൂലമായ ജനവിധിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടണമെന്ന ശിവസേനയുടെ നിര്‍ബന്ധത്തിന് ബിജെപി വഴങ്ങാതിരുന്നതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രതിസന്ധി ഉടലെടുത്തത്.

ശിവസേനയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപി ഞായറാഴ്ച പിന്മാറിയിരുന്നു. പിന്നാലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടിയിരുന്നുവെങ്കിലും ശിവസേനയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. ഇതോടെ ശിവസേനയുമായി ചേരാന്‍ അരമനസുമായി നിന്ന എന്‍സിപിയും പിന്മാറി.

Exit mobile version