ടിഎന്‍ ശേഷന്‍ തികഞ്ഞ ഉത്സാഹത്തോടും സമഗ്രതയോടും കൂടി ഇന്ത്യയെ സേവിച്ചു; നിര്യാണത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടിഎന്‍ ശേഷന്റെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി.

ന്യൂഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎന്‍ ശേഷന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. തികഞ്ഞ ഉത്സാഹത്തോടും സമഗ്രതയോടും കൂടിയാണ് അദ്ദേഹം ഇന്ത്യയെ സേവിച്ചതെന്ന് അദ്ദേഹം കുറിച്ചു.

ടിഎന്‍ ശേഷന്റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളും നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തവും കൂടുതല്‍ പങ്കാളിത്തവുമുള്ളതാക്കി മാറ്റിയെന്നും പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ നിര്യാണം വേദനയുളവാക്കുന്നുവെന്നും മോഡി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടിഎന്‍ ശേഷന്റെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി.

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു ടിഎന്‍ ശേഷന്റെ അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ വെച്ച് നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന വ്യക്തിയാണ് ഇതോടെ വിട വാങ്ങിയത്.

Exit mobile version