ഐക്യത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും പാരമ്പര്യത്തെ നാം ഉയര്‍ത്തിപ്പിടിക്കണം, വിധി എന്ത് തന്നെ ആയാലും അംഗീകരിക്കണം; പ്രിയങ്ക ഗാന്ധി

ഈ സമയത്ത് സുപ്രീംകോടതി നല്‍കുന്ന ഏത് വിധിയും എല്ലാവരും അംഗീകരിക്കണം

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും തത്ത്വചിന്തകളും ആളുകള്‍ നിലനിര്‍ത്തണമെന്നാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. ‘ഇത് മഹാത്മാ ഗാന്ധിയുടെ മണ്ണാണ്. സമാധാനത്തിന്റെയും അഹിംസയുടെയും തത്ത്വങ്ങള്‍ പാലിക്കേണ്ടത് നമ്മുടെ കടമയാണ്’ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

‘അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കാന്‍ പോകുകയാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഈ സമയത്ത് സുപ്രീംകോടതി നല്‍കുന്ന ഏത് വിധിയും എല്ലാവരും അംഗീകരിക്കണം. ഐക്യത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും പാരമ്പര്യത്തെ നാം ഉയര്‍ത്തിപ്പിടിക്കണം’ എന്നുമാണ് പ്രിയങ്ക ഗാന്ധി മറ്റൊരു ട്വീറ്റില്‍ കുറിച്ചത്.

വിധി എന്ത് തന്നെയായാലും ഒരു രീതിയിലുള്ള ആഘോഷങ്ങളോ പ്രകോപനങ്ങളോ പാടില്ലെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത്. അയോധ്യ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്നും രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിക്കണം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

Exit mobile version