കൃത്യമായി റേഷന്‍ ഇല്ല, ദിവസങ്ങളായി മുഴുപട്ടിണി; നാല് ദിവസം മാത്രം പ്രായമായ അഞ്ചാമത്തെ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റു

കത്വയിലെ നാരായണ്‍പൂര്‍ ഗ്രാമവാസിയായ സുബു മുര്‍മു എന്നയാളാണ് ബര്‍ദ്വാനയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറിയതെന്ന് തിരിച്ചറിഞ്ഞു.

കൊല്‍ക്കത്ത: പട്ടിണിയും ദാരിദ്ര്യവും മൂലം നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ് പിതാവ്. പശ്ചിമബംഗാളിലാണ് ദിവസങ്ങള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ വിറ്റത്. ഈ കുഞ്ഞിനെ കൂടാതെ ഇവര്‍ക്ക് നാല് മക്കള്‍ വേറെയുണ്ട്. സംഭവം അറിഞ്ഞ് ബ്ലോക്ക് അധികൃതര്‍ ഇയാളുടെ വീട്ടിലെത്തി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി.

കത്വയിലെ നാരായണ്‍പൂര്‍ ഗ്രാമവാസിയായ സുബു മുര്‍മു എന്നയാളാണ് ബര്‍ദ്വാനയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറിയതെന്ന് തിരിച്ചറിഞ്ഞു. കടുത്ത പട്ടിണിയും ദാരിദ്ര്യവും മൂലമാണ് കുഞ്ഞിനെ വില്‍ക്കാന്‍ നിര്‍ബന്ധിതനായതെന്ന് സുബു പറയുന്നു. റേഷന്‍ ലഭിക്കാറില്ലെന്നും വീട്ടിലുള്ളവരുടെ പട്ടിണി മാറ്റാന്‍ മറ്റ് വഴികള്‍ ഇല്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

വീട്ടില്‍ കഴിക്കാനായി ഒന്നുമില്ല. അരിയോ ഉപ്പോ ഇല്ല. പട്ടിണിമാറ്റാന്‍ വഴികളില്ല- മുര്‍മുവിന്റെ ഭാര്യ മേനകയും പറയുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പൈസ കൊണ്ടും പട്ടിണിമാറ്റാനാകില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. റേഷന്‍ കാര്‍ഡുണ്ടെങ്കിലും കൃത്യമായി റേഷന്‍ ലഭിക്കാറില്ലെന്നാണ് ഇവര്‍ പറയുന്നത്. കുഞ്ഞിനെയും കുഞ്ഞിനെ നല്‍കിയവരെയും ഹാജരാക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version