ശിവസേനയെ വരുതിയിലാക്കാൻ ആർഎസ്എസ് കളത്തിൽ; താക്കറേയുമായി ചർച്ച നടത്തി

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം നീണ്ടുപോവുന്നതിനിടെ ഇടഞ്ഞുനിൽക്കുന്ന ശിവസേനയെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടുന്നു. ആർഎസ്എസിന്റെ പ്രത്യേക പ്രതിനിധി ഉദ്ധവ് താക്കറേയുടെ വസതിയായ മാതോശ്രീയിലെത്തി ചർച്ച നടത്തി. എന്നാൽ മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശിവസേന.

മുഴുവൻ എംഎൽഎമാരെയും റിസോർട്ടിൽ അടച്ചും സമവായ ചർച്ചകൾക്കുള്ള വാതിലുകൾ കൊട്ടിയടച്ചും മുഖ്യമന്ത്രി സ്ഥാനത്തിനായി വിലപേശുകയാണ് ശിവസേന. എന്നാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് മുഖ്യമന്ത്രിസ്ഥാനം വിട്ടുനൽകാൻ സമ്മതമല്ലാത്തത് സമവായത്തിലെത്താൻ തടസമാവുകയാണ്.

ഇതിനിടെയാണ്, ആർഎസ്എസ് സഹയാത്രികൻ സാംമ്പാജീ ബിഡേ ഇന്നലെ രാത്രി മാതോശ്രീയിലെത്തി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയത്. ഹിന്ദുത്വ ആശയം മുന്നോട്ട് വയ്ക്കുന്ന പാർട്ടികളുടെ സഖ്യസർക്കാർ അധികാരത്തിൽ വരണമെന്ന മോഹൻ ഭഗ്‌വതിന്റെ താൽപര്യം സാംബാജി ഉദ്ധവിനെ അറിയിച്ചു.

അധികാരം പങ്കുവയ്ക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതാണ്. എന്നിട്ടും താൻ കള്ളമാണ് പറയുന്നതെന്ന് പരസ്യമായി പറഞ്ഞ് ദേവേന്ദ്ര ഫഡ്‌നാവിസ് മുറിവേൽപ്പിച്ചെന്ന് ഉദ്ധവ് പറഞ്ഞു. 15 ദിവസം നടത്തിയ സമ്മർദ്ദം മുഖ്യമന്ത്രി പദം കിട്ടാതെ അവസാനിക്കില്ലെന്നും കൂടിക്കാഴ്ചയിൽ സേന നിലപാടെടുക്കുകയായിരുന്നു.

Exit mobile version