വൈകിയെത്തിയത് ചോദ്യം ചെയ്തു; യുവാവിനെ സ്വിഗി ഡെലിവറി ബോയി ക്രൂരമായി മര്‍ദ്ദിച്ചു

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയത് ചോദ്യം ചെയ്ത യുവാവിനെ സ്വിഗി ഡെലിവറി ബോയി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി.

ചെന്നൈ: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയത് ചോദ്യം ചെയ്ത യുവാവിനെ സ്വിഗി ഡെലിവറി ബോയി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. ബാലാജി എന്ന ആള്‍ക്കാണ് സ്വിഗി ഡെലിവറി ബോയിയുടെ മര്‍ദ്ദനം. ചെന്നൈയിലാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഡെലിവറി ബോയി ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം നടന്ന ദിവസം രാത്രിയാണ് ബാലാജി സ്വിഗിയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ബാലാജി കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടു. ഇതിന് പിന്നാലെ ഭക്ഷണവുമായി വീട്ടിലെത്തിയ ഡെലിവറി ബോയിയുമായി യുവാവ് തര്‍ക്കത്തിലായി.

പിന്നീട് മറ്റ് സുഹൃത്തുക്കളുമായി എത്തിയ ഡെലിവറി ബോയി ബാലാജിയെ വീട്ടില്‍വച്ച് മര്‍ദ്ദിക്കുകയായിരുന്നു. ബാലാജിയുടെ പരാതിയിലാണ് ഡെലിവറി ബോയി ഡി രാജേഷ് ഖന്ന ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് താക്കീത് നല്‍കി പ്രതികളെ പോലീസ് വിട്ടയച്ചു.

അതേസമയം, ഭക്ഷണം എത്തിക്കേണ്ട ലൊക്കേഷന്‍ ബാലാജി കൃത്യമായി നല്‍കിയിരുന്നില്ലെന്നും അതാണ് താമസിക്കാന്‍ കാരണമെന്നും രാജേഷ് ഖന്ന പോലീസിനോട് പറഞ്ഞു. ബാലാജി മദ്യപിച്ചിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.

Exit mobile version