ഭക്ഷണവുമായി എത്തി, വാതില്‍ തുറന്നതും കുരച്ച് ചാടി; ജര്‍മന്‍ ഷെപ്പേഡില്‍ നിന്നും രക്ഷപ്പെടാന്‍ മൂന്നാം നിലയില്‍ നിന്ന് ചാടിയ സ്വഗ്ഗി ഏജന്റിന് ദാരുണാന്ത്യം

ഹൈദരാബാദ്: പിന്നാലെ ഓടിയ വളർത്തുനായയിൽ നിന്ന് രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്ന് ചാടിയ സ്വിഗ്ഗി ഏജന്റിന് ദാരുണാന്ത്യം. ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. 23കാരനായ റിസ്വാൻ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദ് ബഞ്ചറാഹിൽസിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് റിസ്വാൻ ചാടിയത്.

അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ ഭക്ഷണം വിതരണം ചെയ്യാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ ഫ്ളാറ്റിന്റെ വാതിൽ മുട്ടിയതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന വളർത്തുനായ യുവാവിനെ ആക്രമിക്കാൻ ശ്രമിക്കാൻ ചാടുകയായിരുന്നു. ഭയന്ന് വിറച്ച യുവാവ് ഓടി. പിന്നാലെ നായയും കുതിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്നും യുവാവ് എടുത്ത് ചാടുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ നായയുടെ ഉടമയ്ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. ബഞ്ചറാഹിൽസിലെ ‘ലുംബിനി റോക്ക് കാസിൽ’ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശോഭനയ്ക്കെതിരേയാണ് വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്. ഇവർക്കെതിരേ റിസ്വാന്റെ കുടുംബം പരാതിയും നൽകി. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയാണ് യുവാവിനെ ആക്രമിച്ചത്. മരിച്ച റിസ്വാൻ മൂന്നുവർഷമായി ‘സ്വിഗ്ഗി’യിൽ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയായിരുന്നു.

Exit mobile version