ഇവിടെ കഴിയുന്നതിനെ പറ്റി ആലോചിക്കാനേ പറ്റുന്നില്ല; ഡല്‍ഹി വായു മലിനീകരണത്തില്‍ ‘ഗതികെട്ട്’ പ്രിയങ്ക ചോപ്രയും

എയര്‍ പ്യൂരിഫയര്‍ ഘടിപ്പിച്ച മാസ്‌ക് ധരിച്ചു കൊണ്ടുള്ള തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു കൊണ്ടാണ് താരം മലിനീകരണത്തില്‍ ആശങ്ക അറിയിച്ചത്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷമായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നഗരത്തില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ വായു മലിനീകരണത്തില്‍ ബോളിവുഡ് താരങ്ങളും വലഞ്ഞിരിക്കുകയാണ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ഇപ്പോള്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്.

എയര്‍ പ്യൂരിഫയര്‍ ഘടിപ്പിച്ച മാസ്‌ക് ധരിച്ചു കൊണ്ടുള്ള തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു കൊണ്ടാണ് താരം മലിനീകരണത്തില്‍ ആശങ്ക അറിയിച്ചത്. ‘ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങളിലാണ്. ഇവിടെ ചിത്രീകരണം ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നതിനെ പറ്റി എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. മാസ്‌കുകളും എയര്‍ പ്യൂരിഫയറും ഉള്ളതു കൊണ്ട് ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. വീടു പോലുമില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക’. പ്രിയങ്ക കുറിച്ചു.

ഡല്‍ഹി വായു മലിനീകരണം ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം രൂക്ഷമായി തുടരുകയാണ്. തലസ്ഥാന നഗരിയിലെ വായുമലിനീകരണ തോത് എമര്‍ജന്‍സി പ്ലസ് ആയാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. അതേസമയം മലിനീകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതിയും രംഗത്ത് വന്നിട്ടുണ്ട്.

Exit mobile version