തങ്ങള്‍ താമസിക്കുന്ന സ്ഥലത്തുകൂടെ ദളിതന്റെ മൃതദേഹം കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് ഉയര്‍ന്ന ജാതിക്കാര്‍; മൃതദേഹം ശ്മശാനത്തിലെത്തിച്ചത് അഴുക്കുചാലിലൂടെ

ആയിരത്തി അഞ്ഞൂറോളം ദളിത് കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്

ചെന്നൈ: തങ്ങള്‍ താമസിക്കുന്ന സ്ഥലത്തുകൂടെ ദളിതന്റെ മൃതദേഹം കൊണ്ടു പോകാന്‍ സമ്മതിക്കില്ല എന്ന് ഉയര്‍ന്ന ജാതിക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ദളിതന്റെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് അഴുക്കുചാലിലൂടെ. തമിഴ്നാട്ടിലെ വിലന്‍കുറിച്ചിയിലാണ് ഈ ദാരുണ സംഭവം നടന്നത്. എഴുപത്തി മൂന്നുകാരന്റെ മൃതദേഹം പ്രധാന റോഡിലൂടെ കൊണ്ടുപോവാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വൃദ്ധന്റെ മൃതദേഹം ശ്മാശനത്തില്‍ എത്തിച്ചത് അഴുക്കുചാലിലൂടെയും മാലിന്യക്കൂമ്പാരത്തിലൂടെയും നടന്നാണ്.

പ്രധാന റോഡ് വഴിയാണ് ഉയര്‍ന്ന ജാതിക്കാര്‍ ശ്മശാനത്തില്‍ എത്തുന്നത്. എന്നാല്‍ ദളിതരെ ഈ റോഡ് ഉപയോഗിക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ സമ്മതിക്കാറില്ല. അതുകൊണ്ട് തന്നെ ദളിതര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ടാണ്. മണ്‍സൂണ്‍ കാലത്ത് ഇവര്‍ വരുന്ന വഴി കൂടുതല്‍ മോശം ആവുകയും ചെയ്യാറുണ്ട്.

ആയിരത്തി അഞ്ഞൂറോളം ദളിത് കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഇവരുടെ സമുദായത്തിന് വെള്ളമോ വൈദ്യുതിയോ ലഭിക്കാന്‍ വേണ്ട സൗകര്യം അധികൃതര്‍ ചെയ്തിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കായി ശ്മശാനത്തിലേക്ക് പോകാന്‍ തങ്ങള്‍ക്ക് വഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടി എടുത്തില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Exit mobile version