ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമത്തില്‍ മാറ്റം

നിലവില്‍ ഡല്‍ഹിയില്‍ വായു മലിനീകരണത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇരുപത്തിയൊന്ന് സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമം രാവിലെ 10.30 മുതല്‍ വൈകിട്ട് 7 മണി വരെയാക്കി. ബാക്കിയുള്ളവ രാവിലെ 9.30 മണി മുതല്‍ വൈകിട്ട് 6 മണി വരെയാക്കി. ശൈത്യകാലം ആരംഭിക്കുന്നതിനാല്‍ പുലര്‍ച്ചെയുള്ള വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായി കൂടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഓഫീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

നിലവില്‍ ഡല്‍ഹിയില്‍ വായു മലിനീകരണത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വായുമലിനീകരണ തോത് ഗുരുതരമായി കൂടുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച വരെയാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയിരിക്കുന്നത്.

കര്‍ഷകര്‍ ദീപാവലിയ്ക്ക് മുമ്പായി കൊയ്ത പാടങ്ങളില്‍ വൈക്കോല്‍ ഇട്ട് കത്തിച്ചതും, ദീപാവലിയ്ക്ക് പടക്കങ്ങള്‍ പൊട്ടിച്ചതുമാണ് വായു മലിനീകരണം ഇത്രയും കൂടാന്‍ കാരണമായത്. കേന്ദ്ര ഭൗമമന്ത്രാലയത്തിന്റെ മലിനീകരണസൂചികാ കേന്ദ്രമായ സഫര്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഡല്‍ഹിയിലെ 46 ശതമാനം അന്തരീക്ഷവായുവും മലിനമാണെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version