ആല്‍വാര്‍ ആള്‍ക്കൂട്ടക്കൊല: പെഹ്‌ലുഖാനും മക്കള്‍ക്കുമെതിരായ കേസിലെ കുറ്റപത്രം രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി

രാജസ്ഥാന്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വ വാദികള്‍ അടിച്ചുകൊന്ന പെഹ്‌ലുഖാനും മക്കള്‍ക്കുമെതിരായ കേസിലെ കുറ്റപത്രം രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി. പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കന്നുകാലി സംരക്ഷണ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് പെഹ്‌ലുഖാനും രണ്ട് മക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നത്.

പെഹ്‌ലുഖാനെ അടിച്ചുകൊന്നവരെ വെറുതെവിട്ട നടപടിക്ക് പുറമെ പെഹ്‌ലുഖാനെയും രണ്ട് മക്കളെയും കന്നുകാലി സംരക്ഷണ നിയമപ്രകാരം പ്രതിചേര്‍ത്ത് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അറക്കാന്‍ ലക്ഷ്യമിട്ട് പശുക്കളെ കടത്തിയെന്നായിരുന്നു പെഹ്‌ലുഖാനും രണ്ട് മക്കള്‍ക്കുമെതിരായ കേസ്.

പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടെങ്കിലും കേസില്‍ കുറ്റക്കാരനാണെന്നായിരുന്നു പോലീസ് ഭാഷ്യം. പെഹ്‌ലുഖാന് പുറമെ രണ്ട് മക്കളെയും ട്രക്ക് ഡ്രൈവറെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഈ കേസിലെ കുറ്റപത്രമാണ് രാജസ്ഥാന്‍ ഹൈകോടതി ഇന്ന് റദ്ദാക്കിയത്. ജസ്റ്റിസ് പങ്കജ് ബന്ദാരിയാണ് കുറ്റപത്രം തള്ളിയത്. നേരത്തെ കേസിലെ എഫ്‌ഐആറും കോടതി റദ്ദാക്കിയിരുന്നു.

അറക്കാനാണ് കൊണ്ടുപോകുന്നത് എന്നതിന് ഒരു തെളിവും പോലീസിന് ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റപത്രം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് മക്കളും ട്രക്ക് ഡ്രൈവറും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2017 ഏപ്രിലിലാണ് പെഹ്‌ലുഖാനെ പശുക്കടത്ത് ആരോപിച്ച് ഒരു സംഘം ഹിന്ദുത്വ വാദികള്‍ അടിച്ചുകൊന്നത്.

Exit mobile version