അദ്ദേഹത്തെ പോലൊരു മികച്ച ശിശുരോഗ വിദഗ്ധനെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍; കഫീല്‍ ഖാന് ജോലി വാഗ്ദാനം ചെയ്ത് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍

കഫീലുമായി താനും ദിഗ്വിജയ് സിങ്ങും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നതായും ആരിഫ് കൂട്ടിച്ചേര്‍ത്തു.

ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടന്ന ശിശുമരണങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് കുറ്റവിമുക്തനായ ഡോ. കഫീല്‍ ഖാന് ജോലി വാഗ്ദാനം ചെയ്ത് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍. താനും മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങും പാര്‍ട്ടിയുടെ മധ്യപ്രദേശ് ഘടകത്തിനു വേണ്ടി കഫീല്‍ ഖാനു ജോലി വാഗ്ദാനം ചെയ്യുന്നതായി എംഎല്‍എ ആരിഫ് മസൂദ് പറയുന്നു.

കഫീലുമായി താനും ദിഗ്വിജയ് സിങ്ങും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നതായും ആരിഫ് കൂട്ടിച്ചേര്‍ത്തു. യുപി സര്‍ക്കാര്‍ അദ്ദേഹത്തിനു നീതി നല്‍കിയില്ലെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തെപ്പോലൊരു മികച്ച ശിശുരോഗ വിദഗ്ധനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മസൂദ് വ്യക്തമാക്കി.

2017 ഓഗസ്റ്റില്‍ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവു മൂലം നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി രംഗത്തെത്തിയതോടെയാണ് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ പ്രതികാര നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അഴിമതിയോ കൃത്യവിലോപമോ കഫീല്‍ ഖാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും എത്തിയിരുന്നു.

Exit mobile version