തീയ്യേറ്ററില്‍ ദേശീയഗാനം മുഴങ്ങിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല; സിനിമ കാണാനെത്തിയ കുടുംബത്തിന് നേരെ ആക്രമണം

നടന്‍ ധനുഷ് നായകനായ തമിഴ് ചിത്രം അസുരന്‍ കാണാന്‍ തിയ്യേറ്ററിലെത്തിയതായിരുന്നു കുടുംബം

ബംഗളുരു: ദേശീയഗാനം മുഴങ്ങിയപ്പോള്‍ സിനിമാതിയ്യേറ്ററില്‍ എഴുന്നേറ്റു നില്‍ക്കാത്തതിന് കുടുംബത്തിന് നേരെ സിനിമാതാരങ്ങളുടെ കൈയ്യേറ്റശ്രമം. ബംഗലൂരുവിലാണ് സംഭവം. കന്നട നടി ഐശ്വര്യയും മറ്റൊരു സിനിമാ താരമായ അരു ഗൗഡയുമാണ് വീഡിയോ എടുത്ത് സമൂഹമാധ്യത്തില്‍ ഷെയര്‍ ചെയ്തത്. ദേശവിരുദ്ധരാണോ എന്ന് ചോദിച്ച് കുടുംബത്തെ ആക്രമിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

ഒക്ടോബര്‍ 23നാണ് സംഭവം നടന്നത്. നടന്‍ ധനുഷ് നായകനായ തമിഴ് ചിത്രം അസുരന്‍ കാണാന്‍ തിയ്യേറ്ററിലെത്തിയതായിരുന്നു കുടുംബം. ദേശീയഗാനം മുഴങ്ങിയപ്പോള്‍ ഇവര്‍ എഴുന്നേറ്റ് നില്‍ക്കാതായതോടെ കന്നട സിനിമാ താരങ്ങളും തിയേറ്ററിലെത്തിയ മറ്റുള്ളവരും ചേര്‍ന്ന് ഇവരോട് കാര്യം തിരക്കി. എഴുന്നേറ്റ് നില്‍ക്കില്ല, പോലീസില്‍ പരാതിപ്പെട്ടോളൂ എന്ന് ഇവര്‍ മറുപടി പറഞ്ഞതോടെയായിരുന്നു ആക്രമണം.

ഐശ്വര്യയും മറ്റൊരു സിനിമാ താരമായ അരു ഗൗഡയുമാണ് വീഡിയോ ഷൂട്ട് ചെയ്ത്‌ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ” ഇന്ത്യന്‍ പൗരന്മാരെന്ന് പറയപ്പെടുന്ന ഇവര്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാന്‍ തയ്യാറായില്ല. ഇത്തരം രാജ്യദ്രോഹികളെ ശരിയാക്കാന്‍ ഇവിടെ നമ്മള്‍ യഥാര്‍ത്ഥ പൗരന്മാര്‍ ഇല്ലേ. ” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് വിശദ്ദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version