ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യം; ബസുകളില്‍ സിസിടിവി ക്യാമറകള്‍ അടക്കമുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളും

സ്ത്രീ സുരക്ഷയ്ക്കായി 13,000 ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. ഇതിനു പുറമെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ബസുകളില്‍ സിസിടിവി ക്യാമറകള്‍ അടക്കമുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളും കെജരിവാള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി 13,000 ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

ബസിന് പുറമെ സ്ത്രീകള്‍ക്ക് മെട്രോയിലും യാത്ര സൗജന്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജരിവാള്‍ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കെജരിവാളിന് മനോനില തെറ്റിയിരിക്കുകയാണെന്നാണ് ബിജെപി ഇതിനെ കുറിച്ച് പ്രതികരിച്ചത്.

രാജ്യത്തെ പിടിച്ചുകുലുക്കിയ നിര്‍ഭയ സംഭവത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ മുഖ്യ വിഷയമാണ്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലും സ്ത്രീ സുരക്ഷ തന്നെയാണ് ഒരു വിഷയം. ഇത് കൂടി മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ത്രീ സുരക്ഷ ഉയര്‍ത്തിയുള്ള നീക്കം കെജരിവാള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.

Exit mobile version