ഉന്നാവോ കേസിലെ പ്രതി കുല്‍ദീപ് സെംഗാറിന് പരോള്‍; 72 മണിക്കൂര്‍ നേരത്തെ പരോള്‍ ലഭിച്ചത് സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍

അതേസമയം മരണത്തില്‍ അസ്വാഭാവികതയുള്ളതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പ്രതിയും ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എയുമായ കുല്‍ദീപ് സിങ് സെംഗാറിന് പരോള്‍. 72 മണിക്കൂര്‍ നേരമാണ് പരോള്‍ നല്‍കിയിരിക്കുന്നത്. സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മരിച്ച ഇളയ സഹോദരന്‍ മനോജ് സെംഗാറിന്റെ സംസ്‌കാര ചടങ്ങില്‍ കുല്‍ദീപ് പങ്കെടുക്കും.

കുല്‍ദീപിനൊപ്പം ജയിലില്‍ കഴിയുന്ന മറ്റൊരു സഹോദരന്‍ അതുല്‍ സെംഗാറിനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 72 മണിക്കൂര്‍ പരോള്‍ ലഭിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് ഉള്ളത്. ശനിയാഴ്ച പുലര്‍ച്ചെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മനോജ് സെംഗാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ തന്നെ മരണപ്പെടുകയും ചെയ്തു.

അതേസമയം മരണത്തില്‍ അസ്വാഭാവികതയുള്ളതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കുല്‍ദീപിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയതെന്നാണ് സൂചന.

Exit mobile version