അവള്‍ വേഗം സുഖം പ്രാപിക്കട്ടെ, അപകടനില തരണം ചെയ്യാന്‍ പ്രാര്‍ത്ഥിക്കുന്നു; ഉന്നാവോ സംഭവത്തിലെ പ്രതി കുല്‍ദീപ് സെന്‍ഗാര്‍ പറയുന്നു

പെണ്‍കുട്ടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയായി ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്.

ലഖ്‌നൗ: ‘അവള്‍ വേഗം സുഖം പ്രാപിക്കട്ടെ, അപകടനില തരണം ചെയ്യാന്‍ പ്രാര്‍ത്ഥിക്കുന്നു’ ഇത് ഉന്നാവോ സംഭവത്തില്‍ പ്രതിയായ ഉത്തര്‍പ്രദേശ് എംഎല്‍എയായ കുല്‍ദീപ് സെന്‍ഗാറിന്റെ വാക്കുകളാണ്. ഡല്‍ഹിയിലേയ്ക്ക് മാറ്റും മുമ്പ് സീതാപൂര്‍ ജയിലില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് എംഎല്‍എ അവള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞത്. ‘ഞാന്‍ ബിജെപിയുടെ പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിയോട് എനിക്ക് ആത്മാര്‍ത്ഥതയുണ്ട്.

ദൈവത്തിലും ഹൈക്കോടതിയിലും സിബിഐയിലും നിങ്ങളിലും എനിക്ക് വിശ്വാസമുണ്ട്. എനിക്ക് നീതി നേടി തരാന്‍ നിങ്ങള്‍ക്ക് സാധിക്കും. പെണ്‍കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കും’ കുല്‍ദീപ് സെന്‍ഗാര്‍ പറയുന്നു. അതേസമയം പെണ്‍കുട്ടി ഇപ്പോള്‍ ഉന്നാവോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയായി ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ജൂലൈ 30ന് റായ്ബറേലിയില്‍ ഉണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. 2017ല്‍ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് കാണാനെത്തിയ, അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ എംഎല്‍എ അടക്കമുള്ളവര്‍ ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

Exit mobile version