ഹരിയാനയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്തു

ഉപമുഖ്യമന്ത്രിയായി ജെജെപി അധ്യക്ഷന്‍ ദുഷ്യന്ദ് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു.

ചണ്ഡീഗഡ്: ഹരിയാനയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചണ്ഡീഗഡിലെ രാജ് ഭവനില്‍ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ ഗവര്‍ണര്‍ സത്യദേവ് നാരായണന്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി ജെജെപി അധ്യക്ഷന്‍ ദുഷ്യന്ദ് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ മറ്റംഗങ്ങളെ ദീപാവലിയ്ക്കുശേഷം നിശ്ചയിക്കും.

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ്ങ് ബാദല്‍ ഇന്നലെ പരോളിലിറങ്ങിയ ദുഷ്യന്ത് ചൗട്ടാലയുടെ അച്ഛന്‍ അജയ് ചൗട്ടാല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
തൊണ്ണൂറംഗ നിയമസഭയില്‍ 57 പേരുടെ പിന്തുണയാണ് ഖട്ടാറിന് ഉള്ളത്. ബിജെപിയുടെ നാല്‍പത് എംഎല്‍എമാരെക്കൂടാതെ ജെജെപിയുടെ പത്തും ഏഴ് സ്വതന്ത്രരും പിന്തുണ നല്‍കി.

Exit mobile version