കുഴല്‍ക്കിണറില്‍ വീണ മകനെ രക്ഷിക്കുന്നതിന് വേണ്ടി തുണിസഞ്ചി തുന്നി അമ്മ; നോവായി കലൈ റാണിയുടെ ചിത്രം

കണ്ണാ കണ്ണടയ്ക്കല്ലേ, തളരല്ലേ എന്നെല്ലാം ഇരുവരും മൈക്കിലൂടെ കുഞ്ഞിനോട് വിളിച്ചുപറയുമ്പോഴാണ് രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഒരു തുണിസഞ്ചി കിട്ടിയാല്‍ നന്നായിരുന്നു എന്നു പറഞ്ഞത്.

ചെന്നൈ: കഴിഞ്ഞ 36 മണിക്കൂറായി മരണത്തോട് മല്ലടിക്കുകയാണ് രണ്ട് വയസുകാരന്‍. ആ കുരുന്ന് ജീവിതത്തിലേയ്ക്ക് തിരികെ വരുവാന്‍ വേണ്ടി രാജ്യം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഏവരുടെയും നെഞ്ചകം തകര്‍ക്കുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി തുണിസഞ്ചി തുന്നുന്ന അമ്മ കലൈ റാണിയുടെ ചിത്രമാണ് നിറയുന്നത്.

36 മണിക്കൂറുകള്‍ പിന്നിട്ടു സുജിത്ത് എന്ന രണ്ടരവയസുകാരന്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയിട്ട്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഇടയില്‍ കുഞ്ഞ് 25 അടി താഴ്ചയില്‍ നിന്നും വീണ്ടും ആഴത്തിലേക്ക് വീണതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സമയമൊക്കെയും മകന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് അച്ഛനും അമ്മയും കിണറിന് സമീപത്ത് തന്നെയുണ്ടായിരുന്നു.

കണ്ണാ കണ്ണടയ്ക്കല്ലേ, തളരല്ലേ എന്നെല്ലാം ഇരുവരും മൈക്കിലൂടെ കുഞ്ഞിനോട് വിളിച്ചുപറയുമ്പോഴാണ് രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഒരു തുണിസഞ്ചി കിട്ടിയാല്‍ നന്നായിരുന്നു എന്നു പറഞ്ഞത്. പുലര്‍ച്ചെയാണ് ഈ ചോദ്യം വന്നത്. ഈ സമയത്ത് തയ്യല്‍ക്കാരനെ കണ്ടെത്തുന്നത് ഏറെ പ്രയാസമായിരുന്നു. ഉടനെ കണ്ണീര്‍ തുടച്ച് തുണി സഞ്ചി തുന്നാന്‍ ഇരിക്കുകയായിരുന്നു. കണ്ണീരിനിടയിലും മനോധൈര്യം വിടാതെ പഴയ തയ്യല്‍മെഷനില്‍ അഞ്ചരവെളുപ്പിന് മകനുവേണ്ടി തുണിസഞ്ചി നെയ്യുന്ന അമ്മയുടെ ചിത്രം നിരവധിപ്പേരാണ് പങ്കുവച്ചത്.

Exit mobile version