കിണറില്‍ വീണിട്ട് 36 മണിക്കൂര്‍; കുഴല്‍ക്കിണറിന് സമാന്തരമായി കുഴി നിര്‍മ്മിച്ച് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

ഇന്നലെ രാത്രിയോടെ ഈ കുഴി നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നാണ് പറഞ്ഞത്.

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നു. കുട്ടി കിണറില്‍ വീണ് 36 മണിക്കൂറാണ് പിന്നിടുന്നത്. കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടി വീണ്ടും താഴേയ്ക്ക് പതിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്.

ഇപ്പോള്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മ്മിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടുകാട്ടുപ്പട്ടി പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. ഇന്നലെ രാത്രിയോടെ ഈ കുഴി നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നാണ് പറഞ്ഞത്.

എന്നാല്‍ നിര്‍മ്മാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികള്‍ എത്താന്‍ വൈകിയതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കുഴിയെടുത്തുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്. എണ്‍പതടിയോളം താഴ്ചയില്‍ സമാന്തരമായി കുഴിനിര്‍മിച്ച് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. ഒഎന്‍ജിസി കുഴികളെടുക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് സമാന്തരമായി കുഴി കുഴിക്കാന്‍ ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് താഴെയിറങ്ങി കുഞ്ഞിനെ എടുത്ത് മുകളിലേക്ക് കയറിവരാന്‍ പാകത്തിലുള്ള കുഴിയാണ് നിര്‍മ്മിക്കുന്നത്. രാവിലെ പത്തുമണിയോടെ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ നിഗമനം.

Exit mobile version