ഭരണഘടനാ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാകണം അയോധ്യ വിധിയെന്ന് സുന്നി വഖഫ് ബോർഡ്

ന്യൂഡൽഹി: രാജ്യത്തിന്റെ വരും തലമുറകളിൽ പോലും വലിയ സ്വാധീനം ചെലുത്തുന്നതായിരിക്കും അയോധ്യാ തർക്കഭൂമി കേസിലെ വിധിയെന്ന് സുന്നി വഖഫ് ബോർഡ്. ഭരണഘടനാ ബെഞ്ചിന്റെ വിധി എന്തുതന്നെ ആയാലും, അത് രാജ്യത്തെ വരും തലമുറകളിൽ വലിയ സ്വാധീനം ചെലുത്തുകയും വിധി രാജ്യത്തിന്റെ ഭരണസംവിധാനത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ ഇന്ത്യ പിന്തുടരുന്ന ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാകണം അയോധ്യ വിധിയെന്നും സുന്നി വഖഫ് ബോർഡ് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് സുന്നി വഖഫ് ബോർഡ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കേസിൽ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിക്കുന്ന വിധിയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. അതിനാൽ ചരിത്രവിധി എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. തർക്കപരിഹാരം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കേണ്ടതും കോടതിയാണ്. ഇന്ത്യയിലെ വിവിധ മതങ്ങളും, സംസ്‌കാരങ്ങളും കണക്കിലെടുത്ത് തർക്കപരിഹാരത്തിനുള്ള മാർഗം കോടതി കണ്ടെത്തണം. ഭരണഘടനാമൂല്യങ്ങളിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് പൗരന്മാരെ സ്വാധീനിക്കുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിക്കാൻ പോകുന്നതെന്നും സുന്നി വഖഫ് ബോർഡ് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അയോധ്യാ തർക്കഭൂമി കേസിൽ എങ്ങനെയുള്ള തീർപ്പാണു താൽപര്യപ്പെടുന്നതെന്ന് മൂന്നുദിവസത്തിനകം വ്യക്തമാക്കണമെന്ന് കഴിഞ്ഞ ബുധനാഴ്ച വാദം പൂർത്തിയായ ഉടൻ കേസിലെ കക്ഷികളോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Exit mobile version