അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ സൈനീകരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു

കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയില്‍ ബരാമുള്ളയിലും രജൗറിയിലുമായി പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ശ്രീനഗര്‍: പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കുപ്‌വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ മരിച്ചു.

ജവാന്മാരെ കൂടാതെ നാട്ടുകാരനായ ഒരാളും പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെടിവെയ്പ്പുണ്ടായ മേഖലയിലെ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയില്‍ ബരാമുള്ളയിലും രജൗറിയിലുമായി പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് പാകിസ്താന്‍ വെടിവെപ്പ് നടത്തുന്നതെന്ന് സൈന്യം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version