‘ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍’; ചത്തീസ്ഗഢില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തീരുമാനം

അതെസമയം ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോകാനാവില്ലെന്ന നിലപാടില് ഉറച്ച് നില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

റായ്പുര്‍: ചത്തീസ്ഗഢില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തീരുമാനം. ചത്തീസ്ഗഢ് സര്‍ക്കാരാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കെതിരെ നിര്‍ണായ നീക്കവുമായി രംഗത്ത് എത്തിയത്.

ഈ വര്‍ഷം ഡിസംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിലാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാമെന്ന മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വലുള്ള മന്ത്രിസഭ അംഗീകരിച്ചു.

അതെസമയം ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോകാനാവില്ലെന്ന നിലപാടില് ഉറച്ച് നില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന ഭയമാണ് കോണ്‍ഗ്രസിനെന്നും പ്രതിപക്ഷ നേതാവ് ധര്‍മലാല് കൗശിക് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ഇവിഎമ്മുകള്‍ക്ക് വിശ്വാസ്യതയില്ലെന്നുമുള്ള ആരോപണങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഇൗ ആവശ്യമാണ് തങ്ങള്‍ ഭരിക്കുന്ന ചത്തീസ്ഗഢിലെ, തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് സാധ്യമാക്കാന്‍ ശ്രമിക്കുന്നത്.

Exit mobile version