പ്രധാനമന്ത്രിയുടെ മരുമകളില്‍ നിന്നും പണവും ഫോണും കവര്‍ന്ന കേസ്; അന്വേഷണത്തിന് 700 പോലീസുകാര്‍

200 സിസിടിവി റെക്കോര്‍ഡിംഗുകള്‍ പോലീസ് പരിശോധിച്ചു.

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മരുമകള്‍ ദമയന്തി ബെന്‍ മോഡിയുടെ പേഴ്‌സും ബാഗും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതോടെ പോലീസുകാര്‍ക്ക് നല്ല പണിയാണ് കിട്ടിയത്. 700 പോലീസുകാര്‍ ആണ് പ്രതികളെ പിടികൂടാനായി നിയോഗിക്കപ്പെട്ടത്. 200 സിസിടിവി റെക്കോര്‍ഡിംഗുകള്‍ പോലീസ് പരിശോധിച്ചു.

തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച രണ്ടു പ്രതികളെയും തിരിച്ചറിയാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞു. പ്രതികള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ സുല്‍ത്താന്‍പുരിയിലേക്ക് പോകുന്നതായാണ് കാണിച്ചത്.

കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ കേസ് പോലീസ് സംഘത്തെ ഹരിയാനയിലെ സോണിപത്തിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് രണ്ടുപേരില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 21 കാരനായ ഗൗരവ് എന്നയാളെയാണ് സോണിപത്തില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ ബന്ധു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു.

കവര്‍ച്ചയില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയെ ബാദലിനെ പിന്നീട് സുല്‍ത്താന്‍പുരിയില്‍ നിന്ന് പിടികൂടി. മോഷ്ടിച്ച പേഴ്സും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ മകളാണ് ദമയന്തി ബെന്‍. കഴിഞ്ഞ ദിവസമാണ് 56,000 രൂപ അടങ്ങിയ പേഴ്‌സും ഒരു റിസ്റ്റ് വാച്ച്, രണ്ട് മൊബൈല്‍ ഫോണുകള്‍, പ്രധാനപ്പെട്ട രേഖകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

പിടിച്ചുപറി കേസുകള്‍ ഡല്‍ഹിയില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 4,762 പിടിച്ചുപറി കേസുകള്‍ രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Exit mobile version