മലയാളി സമ്പന്നന്‍ എംഎ യൂസഫലി തന്നെ, ആസ്തി 4.3 ബില്യന്‍ ഡോളര്‍: യുവാക്കളില്‍ ബൈജു രവീന്ദ്രന്‍ രണ്ടാം സ്ഥാനത്ത് ആസ്തി 1.91 ബില്യന്‍ ഡോളര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്നരായ നൂറ് പേരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ് മാഗസിന്‍. ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ എംഎ യൂസഫലിയാണ്. 4.3 ബില്യന്‍ ഡോളറാണ് ആസ്തി. ഇന്ത്യയിലെ 100 ധനികരില്‍ അദ്ദേഹത്തിന് 26ാമതാണ് സ്ഥാനം. മുകേഷ് അംബാനിയാണ് ഏറ്റവും മുന്നില്‍.

ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനാണ് പട്ടികയില്‍ പുതുതായി ഇടം നേടിയ യുവ സംരംഭകന്‍. 1.91 ബില്യന്‍ ഡോളറാണ് ബൈജുവിന്റെ ആസ്തി. ഇന്ത്യയിലെ 72ാമത്തെ ധനികനാണ് 38കാരനായ ബൈജു രവീന്ദ്രന്‍.

മലയാളി യുവ സംരംഭകരില്‍ രണ്ടാമതെത്തിയത് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലിലാണ്. 1.41 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 42 വയസുള്ള ഡോ. ഷംഷീര്‍ വയലില്‍ പട്ടികയില്‍ 99ാം സ്ഥാനത്താണ്.

സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍: ആര്‍പി ഗ്രൂപ്പ് ഉടമ രവി പിള്ള- ആസ്തി 3.1 ബില്യന്‍ ഡോളര്‍ (43ാം സ്ഥാനം), മുത്തൂറ്റ് ഫിനാന്‍സ് ഉടമ എംജി ജോര്‍ജ് മുത്തൂറ്റ്-3.05 ബില്യണ്‍ (44), ഇന്‍ഫോസിസ് മുന്‍ വൈസ് ചെയര്‍മാനും ആക്‌സിലര്‍ വെഞ്ചേഴ്സ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍- 2.36 ബില്യന്‍ (55), ജെംസ് എഡ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി- 2.05 ബില്യന്‍ (67), എസ് ഡി ഷിബുലാല്‍- 1.4 ബില്യണ്‍ (100).

Exit mobile version