ആശങ്ക പരത്തി പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍

പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ രണ്ട് ഗ്രമങ്ങള്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് കണ്ടതായി ഗ്രാമവാസികള്‍ പറഞ്ഞു.

ഛണ്ഡീഗഢ്: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണുകള്‍ എത്തിയതായി വിവരം. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ രണ്ട് ഗ്രമങ്ങള്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് കണ്ടതായി ഗ്രാമവാസികള്‍ പറഞ്ഞു. ഹസാരസിംഗ, തെന്‍ദിവാല ഗ്രാമങ്ങളിലാണ് ഡ്രോണുകള്‍ കണ്ടത്.

അതേസമയം, നേരത്തെ അതിര്‍ത്തി സംരക്ഷണ സേനയും പാക് ഡ്രോണ്‍ കണ്ടതായി അറിയിച്ചിരുന്നു. ഹുസ്സൈനിവാല പ്രദേശത്ത് രാത്രി അഞ്ച് തവണയാണ് ഡ്രോണ്‍ കണ്ടത്. പാക് ഡ്രോണുകളുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ സുഹൈനിവാല പ്രദേശത്ത് തെരച്ചില്‍ നടത്തിയതായി ഫിറോസ്പുര്‍ പോലീസ് സൂപ്രണ്ട് ബല്‍ജീത് സിംഗ് സിന്ധു വ്യക്തമാക്കി.

എന്നാല്‍ പ്രദേശത്തു നിന്നും ആയുധങ്ങളോ, മയക്കുമരുന്നോ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയതായി ബല്‍ജീത് സിംഗ് അറിയിച്ചു.

കഴിഞ്ഞ മാസവും പഞ്ചാബ് അതിര്‍ത്തിയില്‍ ആയുധങ്ങളുമായി എത്തിയ പാക് ഡ്രോണുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

Exit mobile version