രാജ്യത്തെ ഉള്ളി വിലക്കയറ്റം തടയാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇറക്കുമതിയിലൂടെ രാജ്യത്തെ ഉള്ളി വിലക്കയറ്റം തടയാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
ഉള്ളിയുടെ കയറ്റുമതി നിരോധിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.
ഇതിന്റെ ഭാഗമായി എംഎംടിസി ഒക്ടോബറില്‍ 2,000 ടണ്‍ സവാള (വലിയ ഉള്ളി) ഇറക്കുമതിക്ക് ടെണ്ടര്‍ വിളിച്ചു.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് രാജ്യത്ത് നിന്നുളള ഉള്ളിക്കയറ്റുമതി നിലവില്‍ നിരോധിച്ചിരിക്കുകയാണ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈയില്‍ വയ്ക്കാവുന്ന ഉള്ളിയുടെ അളവിനും സര്‍ക്കാര്‍ നിയന്ത്രണം ഉണ്ട്. ചെറുകിട കച്ചവടക്കാര്‍ക്ക് 100 ക്വിന്റലും മൊത്ത വ്യാപാരികള്‍ക്ക് 500 ക്വിന്റലും കൈവശം വയ്ക്കാം.

മുന്‍ വര്‍ഷത്തെ ഏപ്രില്‍- ജൂലൈ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം സമാന കാലയളവില്‍ ഉള്ളിക്കയറ്റുമതിയില്‍ 10.7 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ തുടങ്ങിയ ഇടങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് ഉള്ളിക്കയറ്റുമതി ചെയ്യുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില എന്‍പത് ശതമാനത്തോളം വര്‍ധിച്ചിരുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൃഷിയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതാണ് രാജ്യത്തുടനീളം ഉള്ളി വില കുതിച്ചുകയറ്റതിന്റെ കാരണം.

Exit mobile version