‘മരങ്ങള്‍ മുറിക്കുന്നത് തെറ്റാണെന്ന് അറിയുന്നവര്‍ പോലും അത് ചെയ്യുന്നത് അപലനീയമാണ്’; ആരേ കോളനിയില്‍ നിന്ന് മരം മുറിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങള്‍

നഗരത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരേ കോളനിയില്‍ 2500-ലേറെ മരങ്ങളാണ് വെട്ടിമാറ്റുക

മുംബൈ: ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. ട്വിറ്ററിലൂടെ ആണ് താരങ്ങള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ‘മരങ്ങള്‍ മുറിക്കുന്നത് തെറ്റാണെന്ന് അറിയുന്നവര്‍ പോലും അത് ചെയ്യുന്നത് അപലനീയമാണ്’ എന്നാണ് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്.


‘ഒറ്റ രാത്രി കൊണ്ട് നാന്നൂറോളം മരങ്ങളാണ് മുറിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള കൂട്ടക്കൊല നിര്‍ത്താന്‍ പൗരന്‍മാര്‍ അണിചേര്‍ന്നിരിക്കുകയാണ്. അവര്‍ സ്‌നേഹത്താല്‍ അങ്ങനെ സംഘടിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ. പ്രകൃതിയോടുള്ള സ്‌നേഹത്താല്‍. നമ്മുടെ കുട്ടികളോടും ഭാവിയോടുമുള്ള സ്‌നേഹത്താല്‍’ എന്നാണ് ദിയ മിര്‍സ ട്വിറ്ററില്‍ കുറിച്ചത്.

ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ നല്‍കിയ ഹര്‍ജികള്‍ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് മെട്രോ അധികൃതര്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ആരംഭിച്ചത്. മെട്രോ റെയിലിന്റെ കാര്‍ഷെഡ് നിര്‍മ്മിക്കുന്നതിനുവേണ്ടിയാണ് ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നത്. നഗരത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരേ കോളനിയില്‍ 2500-ലേറെ മരങ്ങളാണ് വെട്ടിമാറ്റുക. ഇതിന് ട്രീ അതോറിറ്റി നേരത്തെ അനുമതി നല്‍കിയിരുന്നു.

Exit mobile version