എല്‍ഇഡി ടിവി, ചായ- കോഫി മെഷീനുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ഏറെ; രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് യാത്ര തുടങ്ങി

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് സ്വകാര്യ തീവണ്ടി സര്‍വ്വീസ്

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി തേജസ് എക്‌സ്പ്രസിന്റെ യാത്ര ആരംഭിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തേജസ് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് സ്വകാര്യ തീവണ്ടി സര്‍വ്വീസ്. ലഖ്‌നൗ-ഡല്‍ഹി പാതയിലാണ് തേജസിന്റെ യാത്ര.

ആഴ്ചയില്‍ ആറുദിവസമാണ് തേജസ് എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുക. ചൊവ്വാഴ്ച സര്‍വ്വീസ് ഉണ്ടായിരിക്കില്ല. രാവിലെ 6.10 ന് ലഖ്‌നൗവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും. ആറ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റാണ് യാത്രാസമയം. 3.35ന് ഡല്ഹിയില്‍ നിന്ന് മടങ്ങി ട്രെയിന്‍ രാത്രി 10.05ന് ലഖ്‌നൗവില്‍ തിരിച്ചെത്തും. എസി ചെയറിന് 1125 രൂപയും എക്‌സിക്യൂട്ടീവ് ചെയറിന് 2310 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

കാണ്‍പൂരിലും ഗാസിയാബാദിലുമാണ് വണ്ടിയുടെ സ്റ്റോപ്പുള്ളത്. 758 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാനാകും. ശതാബ്ദി എക്‌സ്പ്രസ് തീവണ്ടികളുടെ കൂടുതല്‍ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്‌സ്പ്രസ്. മികച്ച നിലവാരത്തിലാണ് കോച്ചുകള്‍ ഒരുക്കിയിരിക്കുന്നത്. സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ്, തുടങ്ങി ചായ, കോഫി മെഷീനുകളും തീവണ്ടിക്കുള്ളിലുണ്ട്.

ട്രെയിനിലെ ജോലിക്കാര്‍ വിമാന യാത്രയ്ക്ക് സമാനമായ രീതിയില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും. ഒരു മണിക്കൂറിലേറെ തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി 100 രൂപ നല്കും. രണ്ട് മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 250 രൂപ വരെയും ലഭിക്കും. സൗജന്യ പാസുകളോ നിരക്കിളവോ തീവണ്ടിയില്‍ അനുവദിക്കില്ല.

Exit mobile version