ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്; ത്രിണമൂല്‍ എംഎല്‍എ സബ്യാസാചി ദത്ത ബിജെപിയില്‍ ചേര്‍ന്നു

കഴിഞ്ഞ മാസം കൊല്‍ക്കത്ത മേയറും എംഎല്‍എയുമായിരുന്ന സോവന്‍ ചാറ്റര്‍ജിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

കൊല്‍ക്കത്ത; ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും ബിന്ദാനഗര്‍ മുന്‍ മേയറുമായ സബ്യാസാചി ദത്ത ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലുള്ള ചടങ്ങിലാണ് സബ്യാസാചി ബിജെപിയില്‍ ചേര്‍ന്നത്.

രാജാര്‍ഹട്ട് ന്യൂട്ടന്‍ എംഎല്‍എയാണ് സബ്യാസാചി. രാജാര്‍ഹട്ടില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റം കാണിച്ചതിന് പിന്നാലെ നിരവധി നേതാക്കളാണ് ത്രിണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ മാസം കൊല്‍ക്കത്ത മേയറും എംഎല്‍എയുമായിരുന്ന സോവന്‍ ചാറ്റര്‍ജിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ബിശ്വജിത്ത് ദാസ്, തുഷാര്‍കാന്തി ഭട്ടാചാര്യ, മോനിറുള്‍ ഇസ്ലാം, സുനില്‍ സിംഗ് തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് ത്രിണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അഞ്ച് സിവിക് ബോഡിയുടെ ഭരണവും ത്രിണമൂലിന് നഷ്ടമായിരുന്നു. ഭട്ട്പര, ഹലിസഹര്‍, കഞ്ചരാപര, നൈഹാതി, ഗരുളിയ എന്നിവയുടെ ഭരണമാണ് നഷ്ടപ്പെട്ടത്.

Exit mobile version